Dreaming up A River
Dreaming up a river - 11x15 inches - Watercolor on Paper |
Dreaming up a river
(Inspired by a very interesting poem by James Kannimala)
11x15 inches
Watercolor on Paper
(Inspired by a very interesting poem by James Kannimala)
11x15 inches
Watercolor on Paper
ഇഷ്ടമുള്ള ഒരു പുഴയെ
സ്വപ്നത്തിൽ നിർമിക്കുന്നു
.............................................
അങ്ങനെയിരുന്നപ്പോൾ തോന്നി ഒരു സ്വപ്നം കണ്ടുകളയാമെന്ന് .
അരികിൽ കണ്ട ചാരുകസേരയിൽ കയറിക്കിടന്ന് കണ്ണുകൾ അടച്ചതും ഒരു സ്വപ്നം മുന്നിൽ വന്നുനിന്നിട്ടു പറഞ്ഞു :
"ഞാൻ നദി എന്ന സ്വപ്നം ,നിനക്കിഷ്ടമുള്ളതെല്ലാം എന്നോട് ചെയ്തുകൊൾക ."
ഞാനതിനെ അഴിച്ച്
നിവർത്തിക്കിടത്തി
അതിലൊരാകാശത്തെ ഞൊറിഞ്ഞുഞൊറിഞ്ഞു പ്രതിഫലിപ്പിച്ചു .
അതിന്റെ തീരങ്ങളിൽ സദാ പൂക്കൾ പൊഴിക്കുന്ന നീർമരുതുകളും പെനഞ്ഞുവളരുന്ന പുല്ലാന്നിവള്ളികളും പാട്ടുപാടുന്ന ഒട്ടക്കൂട്ടങ്ങളും പേരറിയാത്ത പലതരം പള്ളകളും മുളപ്പിച്ചു .
അടയാത്ത കണ്ണുള്ള മീൻ തരങ്ങളേയും അടിത്തട്ട് പറ്റി നീങ്ങുന്ന ഞണ്ടുകളെയും ഞവുണിക്കകളെയും അതിൽ നിറച്ചു .
വലിയ പാറക്കെട്ടുകളെ അവിടവിടെ ഉറപ്പിച്ചു .
ഓരോ പാറക്കെട്ടിനോടും ചേർന്ന് ഓരോ കയങ്ങൾ നിർമിച്ചു .
ഒത്തിരി കാൽപാടുകളെ ഓർത്തുവയ്ക്കുന്ന വെളുത്ത മണൽപ്പരപ്പുകൾ നിർമിച്ചു .
... ... ...
... ... ...
ഏതാനും തോണികളെയും തോണിക്കാരെയും പലനിറത്തിലുള്ള വസ്ത്രങ്ങൾ വെള്ളത്തിൽ പകർത്തിക്കാട്ടുന്ന തോണിയാത്രക്കാരെയും
തുമ്പിക്കൈ ചുരുട്ടിയും നിവർത്തും ചരിഞ്ഞുകിടന്നു നീരാടാൻ ഒന്നുരണ്ട് ആനകളെയും അവരുടെ പാപ്പാന്മാരെയും നിർമിച്ചു .
എന്നിട്ടതിനോട് പറഞ്ഞു: 'നിറഞ്ഞും തെളിഞ്ഞും ഇനി നീ ഒഴുകുക .'
അപ്പോൾ അതിനൊഴുക്കുണ്ടായി
ഒച്ചയുണ്ടാക്കി
അതൊരു നദിയായി .
എല്ലാം നന്നായിരിക്കുന്നു എന്നു തോന്നിയപ്പോൾ
മറ്റൊന്നും സംഭവിക്കും മുൻപ് ഞാൻ കസ്സേരയിൽ നിന്നെഴുന്നേറ്റ്
എന്റെ നദിയിൽ ഇറങ്ങി അതിന്റെ തണുപ്പിൽ മുങ്ങിക്കിടന്നു .
'നിന്റെ ഉറവകളിലേയ്ക്ക് എന്നെ കൊണ്ടുപോകുക '
അതിനോട് ഞാൻ പറഞ്ഞു
ഒഴിഞ്ഞ കസ്സേരക്ക് ചുറ്റും നിന്ന് എന്നെ കാണാതെപോയെന്ന് പറയുന്നവരേ ,
ഒഴുക്കിനെതിരെ നീന്തുന്ന പരൽമീനുകൾക്കൊപ്പം
പാളി പ്പാളി ഞാൻ പായുന്നതും
മുടിപ്പായലിൽ മുറുക്കെപ്പിടിച്ചു
കുത്തൊഴുക്കിൽ കിടന്ന് പുളയ്ക്കുന്നതും
നിങ്ങൾ കാണുന്നില്ലേ ?